
“ഇനിയെങ്കിലും ആളുകൾ എന്നെയൊരു മനുഷ്യനായി കാണട്ടെ”; ചോറ്റാനിക്കരയിലെ നൃത്തത്തിന് ശേഷം കണ്ണീരണിഞ്ഞ് ജാസി
സമൂഹമാധ്യമങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ ഇൻഫ്ലുവൻസർ ജാസിയുടെ നൃത്തച്ചുവടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയാണ്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസർ അല്ലെങ്കിൽപ്പോലും ഭക്തിയും അർപ്പണബോധവും നിറഞ്ഞുനിൽക്കുന്ന തന്റെ ചുവടുകളിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ കലാകാരി.
നേരത്തെ ദേവർമഠം ക്ഷേത്രത്തിൽ ജാസി അവതരിപ്പിച്ച നൃത്താവിഷ്കാരം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് താരം നടത്തിയ നൃത്താവതരണമാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ക്ഷേത്രസന്നിധിയിൽ അരങ്ങേറിയ അതിമനോഹരമായ പ്രകടനത്തിന് ശേഷം വേദിയിൽ വെച്ച് വികാരാധീനയായി ജാസി പൊട്ടിക്കരഞ്ഞ നിമിഷങ്ങൾ ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ഏറെക്കാലം അനുഭവിച്ച അവഗണനകൾക്കും പരിഹാസങ്ങൾക്കുമൊടുവിൽ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്.
“ഇന്ന് എനിക്ക് വളരെ നന്നായി നൃത്തം ചെയ്യാൻ സാധിച്ചു. എന്റെ കഴിവിനെ ആളുകൾ എന്നെങ്കിലും ഒരുനാൾ അംഗീകരിക്കുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതിൽ ഒരുപാട് സന്തോഷമുണ്ട്. തുടർന്നും നല്ല വേദികളും മികച്ച അവസരങ്ങളും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനി അഥവാ ഇതൊന്നുമില്ലെങ്കിൽപ്പോലും, സമൂഹത്തിൽ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാൽ മാത്രം മതി,” എന്ന് പറഞ്ഞ് വിതുമ്പുന്ന ജാസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
ജാസിയുടെ ഈ വാക്കുകൾ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലാണ് തൊട്ടത്. “നിങ്ങൾ ട്രാൻസ്ജെൻഡർ സമൂഹത്തിന് തന്നെ വലിയൊരു അഭിമാനമായി മാറി”, “ഒരുകാലത്ത് കുറ്റവും കുറവും പറഞ്ഞവർ പോലും ഇന്ന് അസൂയയോടെ നോക്കിനിൽക്കുന്ന കഴിവ്”, എന്നിങ്ങനെ സ്നേഹവും പിന്തുണയും നിറഞ്ഞ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും സ്വന്തം സ്വത്വത്തെയും കലയെയും അടയാളപ്പെടുത്തിയ ജാസിക്ക് വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം നൽകുന്നത്.








