
‘ഖുല’യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: ഹൈക്കോടതി
കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം ‘ഖുല’യിലൂടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെടുമ്പോൾ അതിന് ഭർത്താവിന്റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം വേർപെടുത്തുന്നതിൽ പുരുഷന് ‘ത്വലാഖ്’ എന്നപോലെ ഖുർആൻ സ്ത്രീക്ക് നൽകിയിട്ടുള്ള ഏകപക്ഷീയവും പരമവുമായ അവകാശമാണ് ‘ഖുല’യെന്നും, ഭാര്യയുടെ ഈ ആവശ്യത്തോട് വിയോജിക്കാൻ ഭർത്താവിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ഭാര്യയുടെ ‘ഖുല’ പ്രഖ്യാപനം ശരിവെച്ച കുടുംബക്കോടതി ഉത്തരവിനെതിരെയും, ഇക്കാര്യത്തിൽ സാക്ഷിവിസ്താരവും വിശദമായ വിചാരണയും വേണമെന്ന തന്റെ ആവശ്യം തള്ളിയതിനെതിരെയും ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. 2023-ൽ വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് ഭാര്യ കുടുംബക്കോടതിയെ സമീപിച്ച് ഖുല പ്രഖ്യാപനം തേടുകയായിരുന്നു. എന്നാൽ ഖുല അസാധുവാക്കണമെന്നും മഹ്‌റും വജ്രാഭരണങ്ങളും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഭർത്താവും കോടതിയെ സമീപിച്ചു. തുടർന്ന് തെളിവെടുപ്പും വിശദമായ അന്വേഷണവും വേണമെന്ന ഭർത്താവിന്റെ ഹർജികൾ കുടുംബക്കോടതി തള്ളുകയായിരുന്നു.
കോടതിക്ക് പുറത്തുള്ള ഇത്തരം വിവാഹമോചനങ്ങളിൽ കുടുംബക്കോടതികൾ വിശദമായ വിചാരണയോ തെളിവെടുപ്പോ നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി മുൻ ഉത്തരവുകൾ ഉദ്ധരിച്ച് വ്യക്തമാക്കി. ശമീം ആര, ഷായാറാ ബാനോ കേസുകൾ ‘മുത്തലാഖു’മായി ബന്ധപ്പെട്ടതാണെന്നും ഖുലമായി അവയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഒരു ഖുല നിയമപരമായി സാധുവാകാൻ വിവാഹബന്ധം വേർപെടുത്തുന്നുവെന്ന ഭാര്യയുടെ വ്യക്തമായ പ്രഖ്യാപനം, മഹ്‌റോ വിവാഹസമയത്ത് സ്വീകരിച്ച മറ്റ് ആനുകൂല്യങ്ങളോ തിരികെ നൽകാമെന്ന സമ്മതം, ഖുൽഅ് പ്രഖ്യാപനത്തിന് മുൻപ് ഇരുകൂട്ടരും തമ്മിൽ ഫലപ്രദമായ അനുരഞ്ജന ചർച്ചകൾ നടന്നിട്ടുണ്ടെന്ന ബോധ്യം എന്നീ മൂന്ന് നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് മാത്രം കുടുംബക്കോടതി പരിശോധിച്ചാൽ മതിയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഈ മൂന്ന് ഘടകങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഖുല പ്രാബല്യത്തിൽ വരുമെന്നും, ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള എതിർപ്പുകൾ പറഞ്ഞ് നടപടികൾ നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി കുടുംബക്കോടതി ഉത്തരവ് പൂർണ്ണമായും ശരിവെച്ചു.








