
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി; വീട്ടമ്മയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ചികിത്സാപ്പിഴവ് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചതിന് പിന്നാലെയാണ് അടിയന്തരമായി അന്വേഷണ സമിതി രൂപീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രൊഫസർ ഡോ. പി കെ തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക.
തൃശൂർ മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രൊഫസർ ഡോ. സി രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. എസ് ഷാരിജ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ചങ്ങനാശ്ശേരി പുത്തൂർപ്പള്ളി പുതുപറമ്പിൽ ഹസൻ കുഞ്ഞിൻ്റെ ഭാര്യ ഹസീന(49)യാണ് കഴിഞ്ഞ ഒക്ടോബർ രണ്ടിന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഹെർണിയ ശസ്‌ത്രക്രിയക്ക് പിന്നാലെ ഇവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കുടുംബം കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 18നാണ് ഹസീനയെ ഹെർണിയ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്‌ത് വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ ശേഷം കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്‌ത ഭാഗത്തുണ്ടായ അണുബാധ മൂലമാണ് പനിയുണ്ടായതെന്നാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചത്. അസ്വസ്ഥതകൾ വീണ്ടും ഗുരുതരമായതോടെ ഇവരെ മൂന്നാമതും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. തുടർന്ന് വയർ തുറന്നുള്ള മറ്റൊരു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിലൂടെ പഴുപ്പും രക്തവും വരുന്നുണ്ടെന്ന് പലതവണ ചൂണ്ടിക്കാണിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരോ മറ്റ് അധികൃതരോ ഇത് ഗൗരവമായി എടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വേണ്ട രീതിയിലുള്ള പരിശോധനയോ ചികിത്സയോ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ തിങ്കളാഴ്‌ച രാവിലെ പത്ത് മണിയോടെ മെഡിക്കൽ കോളജ് സൂപ്രണ്ടിൻ്റെ ഓഫിസ് ഉപരോധിച്ചിരുന്നു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് ആരോഗ്യ മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുകയും, പുറത്തുനിന്നുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് രണ്ട് മണിക്കൂർ നീണ്ട ഉപരോധം അവസാനിച്ചത്. ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.








