Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKeralaഎല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് തെരഞ്ഞെടുപ്പു വാഗ്ദാനമായി പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിന്‍റെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറാക്കാൻ ഇൻഷ്വറൻസ് രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനെജിങ് ഡയറക്റ്ററും സംസ്ഥാന മുൻ ഇൻഷ്വറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷ്വറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ കെ. സനത് കുമാർ എന്നിവരാണ് വിദഗ്ധ അംഗങ്ങൾ. ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാരും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്റ്ററും അംഗങ്ങളായിരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്‍റിയിൽ ഒന്നായിരുന്നു ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ്. 2026– 27ലെ ബജറ്റിൽ സാർവത്രിക ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികൾ എന്നിവയുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സമിതി പരിശോധിക്കും.

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനൽമെന്‍റ്, ക്ലെയിം മാനെജ്മെന്‍റ്, ഗുണനിലവാര ഉറപ്പ്, പരാതി പരിഹാരം എന്നിവയും സമിതി പരിശോധിക്കും. ജനലക്ഷങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതി യാഥാർഥ്യമാക്കുന്നതിലൂടെ യുഡിഎഫ് സർക്കാർ മറ്റൊരു വാഗ്ദാനം കൂടി നടപ്പിലാക്കുകയാണെന്നു മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags