
ഓവറാക്കി ചളമാക്കരുത്, വെറും ഈയാംപാറ്റകൾ; സിജെപിക്കെതിരേ വി.ടി. ബൽറാം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കിയത് എസ്ഐആറിലൂടെയാണെന്ന കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയുടെ പരാമർശത്തെ വിമർശിച്ച് വി.ടി. ബൽറാം എംഎൽഎ. ഓവറാക്കി ചളമാക്കരുതെന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അതിലൂടെയാണ് പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ എന്നീ നേതാക്കളെ വെട്ടി വീഴ്ത്തിയതെന്നും ഇവരെല്ലാം മോദിക്കും ബിജെപിക്കുമെതിരേ സംസാരിക്കുന്നവരായിരുന്നെന്നും അഭിജീത് ദിപ്കെ പറഞ്ഞിരുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും പിണറായി ഉൾപ്പെടുന്ന ഇടതുപക്ഷത്തിന്റെ പരാജയം അട്ടിമറിയാണെന്നുമുള്ള സിജെപിയുടെ പ്രതികരണമാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്.








