Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:
VazhchayugamBlogKerala Tourismവൈക്കത്തുനിന്ന് പാലാക്കരിയിലേക്ക് ഇനി സോളാർ ബോട്ടിൽ പോകാം; പുതിയ സർവീസിന് തുടക്കം

വൈക്കത്തുനിന്ന് പാലാക്കരിയിലേക്ക് ഇനി സോളാർ ബോട്ടിൽ പോകാം; പുതിയ സർവീസിന് തുടക്കം

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ജലഗതാഗത വകുപ്പിൻ്റെ നേതൃത്വത്തിൽ വൈക്കം ബോട്ട് ജെട്ടിയിൽനിന്ന് പാലാക്കരി അക്വാ ടൂറിസം സെൻ്ററിലേക്ക് പുതിയ ടൂറിസം ബോട്ട് സർവീസിന് ഔദ്യോഗിക തുടക്കമായി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൽ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു.

ജലഗതാഗത രംഗത്ത് പരിസ്ഥിതി സൗഹൃദ വിപ്ലവത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണിത്. 75 പേർക്ക് സഞ്ചരിക്കാവുന്ന ‘ആദിത്യ 3’ എന്ന അത്യാധുനിക സോളാർ ബോട്ടാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്. ശബ്ദമലിനീകരണമോ വായുമലിനീകരണമോ ഇല്ലാത്ത ഈ ബോട്ട് വേമ്പനാട്ട് കായലിൻ്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കും. വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 11ന് ആരംഭിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മനോഹരമായ കായൽ കാഴ്ചകളും സൂര്യാസ്തമയവും നുണഞ്ഞ്, നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള രുചികരമായ ഭക്ഷണവുമറിഞ്ഞ് യാത്രക്കാർക്ക് ഈ യാത്രാനുഭവം പൂർണമായി ആസ്വദിക്കാം.

മത്സ്യത്തൊഴിലാളികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത തരത്തിലാണ് പരിസ്ഥിതി സൗഹൃദമായ ഈ സോളാർ ബോട്ട് സർവീസ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് എം.എൽ.എ കെ. ബിനിമോൻ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് കായൽഭംഗി ആസ്വദിക്കാനും മികച്ച രീതിയിൽ സമയം ചെലവഴിക്കാനുമുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായൽ ടൂറിസത്തെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഒരുപോലെ ചേർത്തുപിടിക്കുന്ന ഈ പദ്ധതി മേഖലയുടെ ടൂറിസം ഭൂപടത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും പുറപ്പെടുന്ന ബോട്ട് ഒന്നര മണിക്കൂർ കായൽ യാത്ര നടത്തി പാലാക്കരി അക്വാ ടൂറിസം ഫിഷ് ഫാമിൽ എത്തിച്ചേരും. അവിടെയുള്ള നയനമനോഹരമായ ദ്വീപുകൾ സന്ദർശിക്കാനും, ഫാമിൽ നിന്നും രുചികരമായ ഭക്ഷണം കഴിക്കാനും, മീൻപിടിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ആസ്വദിക്കാനും വിനോദസഞ്ചാരികൾക്ക് അവസരമുണ്ട്. പെഡൽ ബോട്ടിങ്, കുട്ടവഞ്ചി സവാരി, കുട്ടികൾക്കായുള്ള പാർക്ക്, വാച്ച് ടവറിൽ നിന്നുള്ള കാഴ്ചകൾ എന്നിവയും പാലാക്കരിയിലെ പ്രത്യേകതകളാണ്. തുടർന്ന് സമാനമായ രീതിയിൽ ഒന്നര മണിക്കൂർ തിരികെ യാത്ര ചെയ്ത് വൈക്കത്ത് തിരിച്ചെത്തുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഈ ഫിഷ് ഫാമിൽ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് കരിമീൻ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിന്ദു അജി, ലിജി സലഞ്ചരാജ്, കെ.ജെ. സണ്ണി, എസ്. ബിജു, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സോണി സണ്ണി, രജിമോൾ പ്രദീപ്, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് കെ.വി. സജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഡി. ഉണ്ണി, പി. ശശിധരൻ, കെ.കെ. മോഹനൻ, ഫിറോഷ് മാവുങ്കൽ, സന്ദിത് തണ്ടാശേരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags