
കടൽ തിളയ്ക്കും, കാലാവസ്ഥ മാറും, എൽ നിനോ ശക്തികൂടി, ജാഗ്രതാ മുന്നറിയിപ്പ്
ജനീവ: ആഗോള കാലാവസ്ഥയെയാകെ മാറ്റിമറിക്കാൻ പോന്ന കടുത്ത ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമാകുന്നു. ഈ വര്‍ഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ പസഫിക് സമുദ്രത്തിലെ താപനില സർവകാല റെക്കോഡുകൾ ഭേദിച്ച് ഉയരുമെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യൂഎംഒ) മുന്നറിയിപ്പ് നൽകി. ഡിസംബറോടെ ഇതിൻ്റെ തീവ്രത അതിൻ്റെ പരമാവധയിലെത്തും. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി ഇത് മാറിയേക്കാമെന്നാണ് ശാസ്ത്രലോകത്തിൻ്റെ വിലയിരുത്തൽ. ഭൂമിയുടെ സാമ്പത്തിക മേഖല, പരിസ്ഥിതി വ്യവസ്ഥകൾ, മനുഷ്യജീവിതം എന്നിവയെ വരും മാസങ്ങളിൽ ഈ പ്രതിഭാസം ഗുരുതരമായി ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാഷിങ്‌ടൺ, ലണ്ടൻ, ടോക്കിയോ, പൂനെ ഉൾപ്പെടെയുള്ള ലോകത്തെ 13 പ്രമുഖ കാലാവസ്ഥാ ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയ ഉപഗ്രഹ-സമുദ്ര വിവരങ്ങൾ ക്രോഡീകരിച്ചാണ് ലോക കാലാവസ്ഥാ സംഘടന ഈ നിഗമനത്തിലെത്തിയത്. “എൽ നിനോ പ്രതിഭാസം ശക്തമായി. ഇത് 2027 ഫെബ്രുവരി വരെ തുടരാൻ ഏകദേശം 100 ശതമാനവും സാധ്യതയുണ്ട്. 1950-ന് ശേഷം ഭൂമി രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി ഇത് മാറിയേക്കാം,” WMO ജനറൽ സെക്രട്ടറി സെലസ്റ്റി സൗലോ പറഞ്ഞു.
സമുദ്ര ഉപരിതലത്തിലെ താപനില അളക്കുന്ന ‘നിനോ 3.4’ ഇൻഡക്സ് പ്രകാരം, മുൻപ് 2015-16 കാലഘട്ടത്തിൽ രേഖപ്പെടുത്തിയ +2.6 °C എന്ന റെക്കോഡാണ് ഇത്തവണ തകരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ +2.5 °C ആയിരുന്ന താപവ്യതിയാനം ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ +3.7 °C വരെയായി ഉയർന്നേക്കുമെന്നാണ് പ്രവചനം. സമുദ്രം മുൻപ് സംഭരിച്ചു വച്ചിരുന്ന ചൂട് അന്തരീക്ഷത്തിലേക്ക് വൻതോതിൽ പുറന്തള്ളുന്നതാണ് ഇതിന് കാരണം.
കഴിഞ്ഞ ഓഗസ്റ്റ് മാസം ഭൂമിയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ ഓഗസ്റ്റ് ആയിരുന്നുവെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് സർവീസും നാസയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഒക്ടോബർ-ഡിസംബർ മാസങ്ങളിലും ആഗോള താപനില സാധാരണയേക്കാൾ വളരെ ഉയർന്നു തന്നെ നിൽക്കും. ഇത് ലോകത്തിൻ്റെ പല കോണുകളിലും കടുത്ത ഉഷ്ണതരംഗങ്ങൾക്ക് കാരണമാകും.
താപനില ഉയരുന്നതിനൊപ്പം ആഗോള മഴലഭ്യതയുടെ ഭൂപടവും എൽ നിനോ തിരുത്തിക്കുറിക്കും. സെൻട്രൽ-ഈസ്റ്റേൺ പസഫിക് മേഖലകൾ, ആഫ്രിക്കയുടെ കിഴക്കൻ പ്രദേശങ്ങൾ, മധ്യേഷ്യ, തീരദേശ കിഴക്കൻ ഏഷ്യ, അറേബ്യൻ ഉപദ്വീപിൻ്റെ വടക്കൻ ഭാഗങ്ങൾ, വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ട്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ (ഇന്ത്യ ഉൾപ്പെടെ) സാധാരണയേക്കാൾ കുറഞ്ഞ മഴ മാത്രമായിരിക്കും ലഭിക്കുക. പടിഞ്ഞാറൻ പസഫിക്, മധ്യ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ, കരീബിയൻ ദ്വീപുകൾ, തെക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലും വരൾച്ചാ ഭീഷണിയുണ്ട്. ഇതിന് പുറമേ, ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയെ സ്വാധീനിക്കുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) ഒക്ടോബറോടെ അതിൻ്റെ പരമാവധിയിലെത്തി പിന്നീട് കുറയാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എൽ നിനോ ഉണ്ടാക്കാവുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിനായി യുണൈറ്റഡ് നേഷൻസും വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ വകുപ്പുകളും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബർ 6 മുതൽ 9 വരെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന ഗ്ലോബൽ ഹീറ്റ് ഫോറത്തിൽ ലോകമെമ്പാടുമുള്ള 600-ലധികം ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. കടുത്ത ഉഷ്ണതരംഗങ്ങളെ നേരിടാനും ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്താനുമുള്ള വിപുലമായ ചർച്ചകളാണ് ഇവിടെ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ലോകത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും കൃഷിയെയും ബാധിക്കാതിരിക്കാൻ പ്രാദേശിക തലത്തിലുള്ള കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് WMO നിർദേശിക്കുന്നു.








