
‘ഓണം ബമ്പറടിച്ചത് സര്‍ക്കാരിന്’; 386 കോടി രൂപയുടെ റെക്കോഡ് വില്‍പന, വില്ലനായി എഐ നിര്‍മിത ലോട്ടറികള്‍
തിരുവനന്തപുരം: റെക്കോഡ് സമ്മാനത്തുകയുള്ള ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന പൊടിപൊടിക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽ വ്യാജ ടിക്കറ്റ് വിൽപ്പന വ്യാപകം. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ വിൽക്കുന്ന ടിക്കറ്റുകൾ വ്യാജമാണെന്നും, കേരളത്തിൽ ലഭിക്കുന്ന പേപ്പർ ടിക്കറ്റുകൾ മാത്രമാണ് ഒറിജനലെന്നും കാണിച്ച് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ വ്യാപക പ്രചാരണവുമായി സംസ്ഥാന ലോട്ടറി വകുപ്പ്.
30 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന്‍റെ നറുക്കെടുപ്പ് 26നാണ്. കഴിഞ്ഞ വർഷങ്ങളിൽ 25 കോടി രൂപയായിരുന്ന ടിക്കറ്റിന്‍റെ സമ്മാനത്തുക ഇത്തവണ 30 കോടി രൂപയായി ഉയർത്തുകയായിരുന്നു. ടിക്കറ്റ് ഇതുവരെ വിറ്റതിൽ മാത്രം 386 കോടി രൂപയ്‌ക്ക് മുകളില്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്.
ജൂലൈ 20നാരംഭിച്ച വിൽപ്പനക്കായി 500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. അതിൽ, കഴിഞ്ഞ ദിവസം വരെ 76,85,650 ടിക്കറ്റുകളാണ് വിറ്റത്. അവസാന ദിവസങ്ങളിലും, മണിക്കൂറുകളിലും ടിക്കറ്റ് വിൽപ്പന വേഗത്തിലാകാറാണ് പതിവ്. അങ്ങനെ വന്നാൽ 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കപ്പെടും. മൊത്ത വിൽപ്പനക്കാർ കുടുതലായി വാങ്ങി സൂക്ഷിച്ചിട്ടുള്ളതിനാൽ വിവിധ ജില്ലകളിൽ ടിക്കറ്റിന് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഒന്നാം സമ്മാനം 30 കോടി രൂപക്ക് പുറമെ ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. 25 ലക്ഷം രൂപവീതം 20 പേർക്ക് മൂന്നാം സമ്മാനവും അഞ്ചു ലക്ഷം രൂപ വീതം 10 പേർക്ക് നാലാം സമ്മാനവും നൽകും. അഞ്ചുലക്ഷം വീതം ഒൻപതുപേർക്ക് സമാശ്വാസ സമ്മാനം നൽകും.
ഓണം ബമ്പറിന്‍റെ പേരിൽ വിപുലമായ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നതായി കേരള പൊലീസും ലോട്ടറി വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള സർക്കാർ ലോട്ടറികൾ ഓൺലൈൻ വഴിയോ, വാട്‌സാപ്പ് വഴിയോ വിൽക്കാൻ ഒരിടത്തും അനുമതി നൽകിയിട്ടില്ല. ടിക്കറ്റുകൾ നേരിട്ട് കടകളിൽ നിന്നോ ഏജന്‍റുമാരിൽ നിന്നോ പേപ്പർ രൂപത്തിൽ മാത്രമേ വാങ്ങാൻ സാധിക്കൂ.
എഐ ഉപയോഗിച്ചുള്ള വ്യാജ ടിക്കറ്റ് ചിത്രങ്ങൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. 500 രൂപയുടെ ഒറിജിനൽ ടിക്കറ്റ് 149 പോലെയുള്ള കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് ആളുകളെ ആകർഷിക്കുന്നത്. അന്യസംസ്ഥാനങ്ങളിലാണ് ഇത്തരം വ്യാപക തട്ടിപ്പുകൾ നടക്കുന്നത്.
ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ ‘നിങ്ങൾക്ക് സമ്മാനം അടിച്ചിരിക്കുന്നു’ എന്ന് വ്യാജസന്ദേശം വരുകയും സമ്മാനത്തുക അക്കൗണ്ടിലേക്ക് വരാൻ പ്രോസസിങ് ഫീസ് അല്ലെങ്കിൽ രജിസ്‌ട്രേഷൻ ഫീസ് എന്നിവ മുൻകൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ലോട്ടറി വകുപ്പ് ഒരിക്കലും സമ്മാനം ലഭിക്കാൻ ഇത്തരത്തിൽ മുൻകൂർ പണം ആവശ്യപ്പെടാറില്ല.
ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ അതിന്‍റെ പുറകിൽ നിങ്ങളുടെ പേരും വിലാസവും ഒപ്പും രേഖപ്പെടുത്തുന്നത് ടിക്കറ്റ് നഷ്ടപ്പെട്ടാലുള്ള തട്ടിപ്പുകൾ തടയാൻ സഹായിക്കുമെന്നാണ് ലോട്ടറി വകുപ്പിന്‍റെ ഉപദേശം. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ് ലൈന്‍ നമ്പറായ 1930ൽ ബന്ധപ്പെടുകയും ചെയ്യാം. ജനങ്ങൾക്കു വേണ്ടി തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സിനിമാ തിയേറ്ററുകളിൽ വരെ കേരള സർക്കാർ ബോധവൽക്കരണ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.








