
ബെത്ലഹേം കുടുംബയൂണിറ്റ് നിമിത്തമായി; 30 വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ‘അന്ന’ വെള്ളിത്തിരയിലേക്ക്!
30 വർഷം മുൻപ് മുടങ്ങിപ്പോയ എൻ. മോഹനന്റെ ‘അന്ന’ എന്ന മലയാള സിനിമ നിർമാതാവ് ടോമിച്ചൻ മുളകുപാടം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം കാലാനുസൃതമായ മാറ്റങ്ങളോടെയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
സിനിമയുടെ നിർമാണ അവകാശം ടോമിച്ചന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. സൂപ്പർ ഹിറ്റ് ചിത്രം ‘പുലിമുരുക’ന്റെ പത്താം വാർഷികത്തിലാണ് ടോമിച്ചൻ മുളകുപാടം ഇക്കാര്യം അറിയിച്ചത്.
നിവിൻ പോളി – ഗിരീഷ് എ.ഡി. ചിത്രം ബെത്ലഹേം കുടുംബയൂണിറ്റിൽ ഉൾപ്പെടുത്തിയ അന്നയിലെ യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ എന്ന ഗാനം വൈറലായിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അന്നയെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം വരുന്നത്.
90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ ‘അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണെന്ന് ടോമിച്ചൻ ഫെയ്സ് ബുക്കിൽ കുറിച്ചു. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ എന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.








