
‘ആന്‍ജിയോപ്ലാസ്റ്റി: രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകര്‍ക്കും, മുഖ്യമന്ത്രി തിരുത്തണം’
കൊച്ചി: ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്. ആശുപത്രികളില്‍ രോഗവുമായി എത്തുന്നവര്‍ക്ക് അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നുവെന്നും രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാംപെയ്ന്‍ വേണമെന്നാണ് മുഖ്യമന്ത്രി കോഴിക്കോട് ഒരു പരിപാടിക്കിടെ പറഞ്ഞത്.
എന്നാല്‍ ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ലാതെയും ചെയ്യപ്പെടുന്നു എന്നൊരു പൊതുവായ സന്ദേശം രോഗികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചാല്‍ അതിന് അപകടകരമായ പ്രത്യാഘാതം ഉണ്ടാകാമെന്നാണ് ഡോ. ജോ ജോസഫിന്റെ കുറിപ്പ്. ഹൃദയാഘാതം സംഭവിച്ച ഒരാള്‍ അടിയന്തര പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കപ്പെട്ടതും ‘ഇത് ശരിക്കും ആവശ്യമാണോ?’ എന്ന് സംശയിച്ച് ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കുറിച്ചു.മുഖ്യമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പ്രസ്താവനയില്‍ മുഖ്യമന്ത്രി വ്യക്ത വരുത്തുകയോ തിരുത്തുകയോ വേണമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോ ജോസഫ് ആവശ്യപ്പെട്ടു.
‘ആന്‍ജിയോപ്ലാസ്റ്റി എല്ലാ രോഗികള്‍ക്കും ആവശ്യമുള്ള ചികിത്സയല്ല. അതുപോലെ എല്ലാ ആന്‍ജിയോപ്ലാസ്റ്റികളും ഒരേ ക്ലിനിക്കല്‍ സാഹചര്യത്തില്‍ ചെയ്യുന്നവയുമല്ല. സ്റ്റേബില്‍ കൊറോണറി ആര്‍ട്ടെറി ഡിസീസ് ഉള്ള ചില രോഗികളില്‍ മരുന്ന് ചികിത്സ, കൂടുതല്‍ പരിശോധന, ഫിസിയോളജി അസസ്സ്മെന്റ്, സെക്കന്‍ഡ് ഒപ്പീനിയന്‍ എന്നിവയ്ക്കുള്ള സമയം ഉണ്ടായേക്കാം. അവിടെ വ്യക്തമായ ക്ലിനിക്കല്‍ ജഡ്ജ്മെന്റ് ആവശ്യമാണ്. എന്നാല്‍ acute myocardial infarction, പ്രത്യേകിച്ച് STEMI പോലുള്ള സാഹചര്യങ്ങളില്‍ സ്ഥിതി പൂര്‍ണ്ണമായും വ്യത്യസ്തമാണ്. അടഞ്ഞ കൊറോണറി രക്തധമനി എത്രയും വേഗം തുറന്ന് രക്തപ്രവാഹം പുനഃസ്ഥാപിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം. അതുകൊണ്ടാണ് ‘Time is Muscle’ എന്ന് പറയുന്നത്. ചികിത്സ വൈകുന്ന ഓരോ നിമിഷവും കൂടുതല്‍ ഹൃദയപേശി നഷ്ടപ്പെടാന്‍ ഇടയാക്കാമെന്ന് ഡോക്ടര്‍ പറയുന്നു.
ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്ന അവസ്ഥയ്ക്കെതിരെ ക്യാംപെയ്ന്‍ നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പത്ത് ആന്‍ജിയോപ്ലാസ്റ്റി ചെയ്താല്‍ രണ്ടെണ്ണത്തിന്റെ കാശ് ഡോക്ടര്‍ക്ക് കിട്ടും. ആളുവന്ന് ഇരിക്കുമ്പോഴേക്കും ആന്‍ജിയോപ്ലാസ്റ്റി പറയും. വീട്ടില്‍ പോയി സംസാരിക്കട്ടെ എന്ന് പറഞ്ഞാല്‍ അത് നിങ്ങളുടെ റിസ്‌കില്‍ ആയിരിക്കുമെന്ന് പറയും. വീട്ടില്‍പ്പോയി തിരിച്ചുവന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല. പക്ഷേ വീടിന്റെ ആധാരമൊക്കെ പണയംവെച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്യും. ചെയ്യേണ്ട കേസാണോ, ചെയ്യേണ്ടാത്തത് ആണോ, മരുന്ന് കഴിച്ചാല്‍ തീരുന്നതാണോ എന്നൊന്നും നമുക്കറിവില്ല. രണ്ടാമതൊരു അഭിപ്രായം പലരും എടുക്കാറില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.








