
വിമർശകർക്ക് ‘ചേട്ടന്റെ’ മറുപടി, കത്തിക്കയറി സഞ്ജു; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഗാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.5 ഓവറിൽ മറികടന്നു. അർധ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.സമീപകാല ഫോമിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമായ സഞ്ജുവിന് ഈ മത്സരം ഏറെ നിർണായകമായിരുന്നു. കൗമാര താരം വൈഭവ് സൂര്യവംശിയെ ബെഞ്ചിലിരുത്തിയാണ് സഞ്ജുവിന് രണ്ടാം മത്സരത്തിലും അവസരം നൽകിയത്. അതിനാൽ തന്നെ കരുതലോടെയാണ് സഞ്ജു തുടങ്ങിയത്.

മറുഭാഗത്ത് അഭിഷേക് ശർമ്മ പതിവുശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ സ്കോറിംഗ് വേഗത്തിലായി. 4.4 ഓവറിൽ ടീം സ്കോർ 50ൽ എത്തി. പവർപ്ലേ പൂർത്തിയായപ്പോൾ സഞ്ജു – അഭിഷേക് സഖ്യം 82 റൺസാണ് അടിച്ചുകൂട്ടിയത്.
മുഹമ്മദ് നബിയും അസ്മത്തുള്ള ഒമർസായിയുമെല്ലാം സഞ്ജുവിന്റെയും അഭിഷേകിന്റെയും ബാറ്റിന്റെ ചൂടറിഞ്ഞു. താളം കണ്ടെത്തിയതോടെ അഭിഷേകിനേക്കാൾ അപകടകാരിയാകുന്ന സഞ്ജുവിനെയാണ് മൈതാനത്ത് കാണാൻ സാധിച്ചത്. മുഹമ്മദ് നബിയുടെ ഒരോവറിലെ അവസാന നാല് പന്തിൽ രണ്ട് സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് സഞ്ജു പറത്തിയത്.

പവർപ്ലേയ്ക്ക് പിന്നാലെ എത്തിയ റാഷിദ് ഖാന്റെ ആദ്യ പന്ത് തന്നെ ക്രീസിൽ നിന്ന് ഇറങ്ങി ഗ്യാലറിയിലേയ്ക്ക് പായിച്ച അഭിഷേകിന് തൊട്ടടുത്ത പന്തിൽ പിഴച്ചു. വീണ്ടും സിക്സറിന് ശ്രമിച്ച അഭിഷേകിന്റെ ഷോട്ട് സെദിഖുല്ലയുടെ കൈകളിൽ അവസാനിച്ചു. 19 പന്തിൽ 4 സിക്സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും അകമ്പടിയോടെ 39 റൺസ് നേടിയാണ് അഭിഷേക് മടങ്ങിയത്. ഇതേ ഓവറിൽ തന്നെ തന്റെ 7-ാം ടി20 അർധ സെഞ്ച്വറി തികച്ച സഞ്ജുവിന് പരിശീലകൻ ഗൗതം ഗംഭീറും സഹതാരങ്ങളുമെല്ലാം സന്തോഷത്തോടെ കയ്യടിക്കുന്ന കാഴ്ച കാണാമായിരുന്നു. 50 റൺസ് നേടാൻ സഞ്ജുവിന് വെറും 20 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനെതിരെ സിക്സർ നേടിയ സഞ്ജുവും അവസാന പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിക്കവെ പുറത്തായി. 22 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 57 റൺസാണ് സഞ്ജു നേടിയത്.

സഞ്ജുവും അഭിഷേകും പുറത്തായതോടെ ക്രീസിലൊന്നിച്ച ഇഷാൻ കിഷൻ – ശ്രേയസ് അയ്യർ സഖ്യം കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാൽ, 11-ാം ഓവറിൽ സിക്സർ വഴങ്ങിയതിന് പിന്നാലെ ശ്രേയസിനെയും മടക്കിയയച്ച് റാഷിദ് ഖാൻ ഈ മത്സരത്തിലെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. ഇഷാൻ കിഷൻ 38 റൺസുമായും തിലക് വർമ്മ 15 റൺസുമായും പുറത്താകാതെ നിന്നതോടെ ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നു.
നേരത്തെ, ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകൻ ഇബ്രാഹിം സദ്രാൻ 37 റൺസ് നേടി ടോപ് സ്കോറായി. റാഷിദ് ഖാൻ 28 റൺസും ദർവിഷ് റസൂലി 26 റൺസും നേടി. ഇന്ത്യയ്ക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി 3 ഓവറിൽ 24 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗ് 2ഉം ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ആദ്യ മത്സരവും ജയിച്ച ഇന്ത്യ 3 മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി കഴിഞ്ഞു.







