Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogNationalനീറ്റ് പുന:പരീക്ഷ; ചോദ്യപേപ്പറുകൾക്ക് ഇരുതല സുരക്ഷാ കവചം, നിർണായക നീക്കവുമായി കേന്ദ്രം

നീറ്റ് പുന:പരീക്ഷ; ചോദ്യപേപ്പറുകൾക്ക് ഇരുതല സുരക്ഷാ കവചം, നിർണായക നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: നീറ്റ്-യുജി പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ചോദ്യപേപ്പറുകളും ഒഎംആർ ഉത്തരക്കടലാസുകളും ഉൾപ്പെടെയുള്ള അതീവ രഹസ്യ സ്വഭാവമുള്ള പരീക്ഷാ സാമഗ്രികൾക്ക് ഇരുതല സുരക്ഷാ കവചം ഒരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നൽകുക.

ഹൈദരാബാദിലെയും അഹമ്മദാബാദിലെയും പ്രധാന ഹബ്ബുകളിൽ നിന്ന് രാജ്യത്തുടനീളമുള്ള 551ഓളം നഗരങ്ങളിലേക്ക് പരീക്ഷാ സാമ​ഗ്രികൾ എത്തിക്കേണ്ടതുണ്ട്. ഇതിനായി വ്യോമ, റോഡ് മാർഗ്ഗങ്ങളെയാണ് ആശ്രയിക്കുകയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യപേപ്പറുകൾ എത്തിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജൂൺ 11 മുതൽ ജൂൺ 19 വരെ നിലവിലുണ്ടാകും. പരീക്ഷയ്ക്ക് ശേഷം ഒഎംആർ ഷീറ്റുകളും മറ്റ് പരീക്ഷാ സാമഗ്രികളും തിരികെ എത്തിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ജൂൺ 21 വൈകുന്നേരം മുതൽ ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുന:പരീക്ഷ പിഴവുകളില്ലാതെ നടത്തുമെന്നും ഫലങ്ങൾ കൃത്യസമയത്ത് പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. എല്ലാ ക്രമീകരണങ്ങളും സർക്കാരിന്റെ ഏറ്റവും ഉയർന്ന തലങ്ങളിൽ നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും പരീക്ഷ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ധനമന്ത്രാലയവും സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെയ് 3ന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോ‌ർന്നത്. 22 ലക്ഷത്തിലധികം ഉദ്യോ​ഗാർത്ഥികൾ എഴുതിയ പരീക്ഷ മെയ് 12ന് റദ്ദാക്കി. തുടർന്ന് പുന:പരീക്ഷ ജൂൺ 21ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ തയ്യാറാക്കിയവർ ഉൾപ്പെടെ 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post