Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogKerala3,125 ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര; രജിസ്‌ട്രേഷനോ രേഖകളോ വേണ്ട; സീറോ ടിക്കറ്റ് കണ്ടക്ടർ നൽകും

3,125 ബസുകളിൽ ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര; രജിസ്‌ട്രേഷനോ രേഖകളോ വേണ്ട; സീറോ ടിക്കറ്റ് കണ്ടക്ടർ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് പ്രിയദർശിനി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല.

സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

സ്ത്രീകളുടെ യാത്രാച്ചെലവ് കുറയുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയുകയും സ്ത്രീകളുടെ ധനമിച്ചം വർധിക്കുകയും ചെയ്യുമെന്ന് സർക്കാർ വിലയിരുത്തുന്നു. യാത്രാച്ചെലവെന്ന തടസ്സം നീങ്ങുന്നതോടെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, വിദ്യാഭ്യാസ-സംരംഭക പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ സജീവമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

കെഎസ്ആർടിസി യാത്രക്കാരിൽ വലിയൊരു വിഭാഗം സ്ത്രീകളായതിനാൽ പദ്ധതിയുടെ ഗുണഫലം സംസ്ഥാനത്തെ കുടുംബങ്ങളിലാകെ എത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ പുറന്തള്ളലും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സഹായിക്കുമെന്നും വിലയിരുത്തുന്നു.

പദ്ധതിയോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കും. ബസുകളിലെ പരസ്യങ്ങൾ വർധിപ്പിക്കുക, പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തുക, ബസ് സ്‌പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ പരിഗണനയിലാണ്. ഗ്രാമവണ്ടി പദ്ധതി വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചു. നിലവിലുള്ള 58 സർവീസുകൾ 500 ആയി ഉയർത്തും.

Leave a Comment

Your email address will not be published. Required fields are marked *

Related Post