
മലയിടംതുരുത്ത് ഭൂമി കുടിയിറക്കല്‍ പ്രശ്‌നത്തില്‍ പരിഹാരമായി
കൊച്ചി: അധികാരമേറ്റയുടന്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയായ എറണാകുളം മലയിടംതുരുത്ത് ഭൂമി കുടിയിറക്കല്‍ പ്രശ്‌നത്തില്‍ പരിഹാരമായി. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തില്‍ സര്‍ക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്ന് നടത്തിയ നിര്‍ണായക ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന സമവായ ഫോര്‍മുല ഇരുവിഭാഗവും അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് സമരസമിതി സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു.

കുടിയിറക്ക് ഭീഷണി നേരിടുന്ന ദലിത് കുടുംബങ്ങള്‍ക്ക് അവര്‍ നിലവില്‍ കഴിയുന്ന ഭൂമിയില്‍ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവില്‍ അംഗീകരിക്കപ്പെട്ടത്. ചര്‍ച്ച വിജയിച്ചെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ ധാരണയായെന്നും യോഗത്തിന് ശേഷം മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. പുതിയ കരാര്‍ പ്രകാരം മലയിടംതുരുത്തില്‍ തര്‍ക്കത്തിലായിരുന്ന ശങ്കരന്‍നായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതം ദലിത് കുടുംബങ്ങള്‍ക്ക് നല്‍കും.

ഇങ്ങനെ വിട്ടു നല്‍കുന്ന ഭൂമിയില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം പുതിയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുവരെ നിലവിലുള്ള വീടുകളില്‍ തന്നെ ഈ കുടുംബങ്ങള്‍ക്ക് താമസിക്കാം. വീട് നിര്‍മാണം പൂര്‍ത്തിയായാല്‍ കുടുംബങ്ങള്‍ അങ്ങോട്ടേക്ക് മാറണമെന്നാണ് ധാരണ.

ഈ വ്യവസ്ഥകള്‍ ഔദ്യോഗികമായി കരാറാക്കി മാറ്റാനും തുടര്‍നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള കേസുകള്‍ പിന്‍വലിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. വീട് പണി പൂര്‍ത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ സുഗമമായി നടത്തുന്നതിന് മൂവാറ്റുപുഴ ആര്‍ഡിഒ, ഡിവൈഎസ്പി എന്നിവരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.







