
ഇഡി റെയ്ഡ്; തോൽവിയിൽ തളർന്ന പിണറായിക്കും സിപിഎമ്മിനും പുത്തൻ രാഷ്ട്രീയ ഊർജ്ജം
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പിണറായി വിജയന് പുതിയ രാഷ്ട്രീയ ഊർജമായി മാറുന്നു. അടുത്തിടെ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിന് പിന്നാലെ അദ്ദേഹം സ്വന്തം പാർട്ടിക്ക് ഉള്ളിൽ തന്നെ വലിയ രീതിയിൽ പ്രതിരോധത്തിലായിരിക്കുകയായിരുന്നു.

ഇന്നലെ പിണറായി വിജയന്റെ വസതികളിൽ ഇഡി റെയ്ഡ് നടക്കുന്നു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരുമെല്ലാം അദ്ദേഹത്തിന് പിന്തുണയുമായെത്തുന്ന കാഴ്ചയാണ് കാണാനായത്. ബിജെപിക്കും ഇഡിക്കുമെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ തെരുവിലിറങ്ങുകയും ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയ്ക്ക് ശേഷം നിർജീവമായിരുന്ന പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഉടൻ തന്നെ സജീവമായി.

തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ പിണറായി വിജയൻ പാർട്ടിക്ക് ഉള്ളിൽ രാഷ്ട്രീയമായി ദുർബലനായി മാറുന്നതാണ് കാണാനായത്. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയ്ക്കും നയങ്ങൾക്കും എതിരെയുള്ള ജനവിധിയായാണ് എൽഡിഎഫിന്റെ തോൽവി വിലയിരുത്തപ്പെട്ടത്. തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ നടന്ന പാർട്ടിയുടെ അവലോകന യോഗങ്ങളിൽ പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലുമാണ് ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്. ഇതിന് പുറമെ, മകൾ വീണയുടെ ബെംഗളൂരുവിലെ ഐടി കമ്പനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഉൾപ്പെടെ റെയ്ഡുകൾ നടന്നു. പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനി വീണയുടെ എക്സാലോജിക് ഐടി കമ്പനിക്ക് നിയമവിരുദ്ധമായി പണം നൽകി എന്ന ആരോപണത്തിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി റെയ്ഡുകൾ നടത്തിയത്.
പിണറായി വിജയന്റെ മകൾക്കെതിരെയുള്ള ഇഡിയുടെ കേസ് പാർട്ടിക്കെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കാൻ ഇടതുപക്ഷത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. ഇഡി റെയ്ഡുകൾ വീണ വിജയന്റെ ഓഫീസിൽ മാത്രം ഒതുങ്ങിയിരുന്നുവെങ്കിൽ അത് പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു വിഷയം മാത്രമായി മാറുമായിരുന്നു. എന്നാൽ, പിണറായി വിജയന്റെ വസതികളിൽ കൂടി ഇഡി പരിശോധന നടത്തിയതോടെ ഇതിനെ സിപഎം എന്ന പ്രസ്ഥാനത്തിന് നേരെയുള്ള ആക്രമണമായി മാറ്റാൻ പാർട്ടിക്ക് ഇടം ലഭിച്ചു.
റെയ്ഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന സിപിഎം നേതാക്കളിൽ നിന്നും അണികളിൽ നിന്നും പിണറായി വിജയന് ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഇത് അദ്ദേഹത്തിനെ പാർട്ടിയിലെ തന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ബിജെപി സർക്കാരിന്റെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിന് ഇരയാകുന്ന രാജ്യത്തെ മറ്റ് പ്രതിപക്ഷ നേതാക്കളുടെ നിരയിലേയ്ക്ക് ഇപ്പോൾ പിണറായി വിജയനും കടന്നുവന്നിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി – സിപിഎം ഡീൽ എന്ന ആരോപണം യുഡിഎഫ് ശക്തമാക്കിയിരുന്നു. എന്നാൽ, ഇഡി നടപടിയോടെ ഈ ആരോപണങ്ങളെ കോൺഗ്രസിനെതിരെ തിരിച്ചുവിടാൻ പാർട്ടിയ്ക്ക് സാധിക്കും. രാജ്യത്തുടനീളമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന ആരോപണം കടുപ്പിക്കുന്നതിനൊപ്പം തന്നെ പിണറായി വിജയനെ ഒരു പ്രധാന ദേശീയ പ്രതിപക്ഷ വ്യക്തിത്വമായി ഉയർത്തിക്കാട്ടാനും പാർട്ടിക്ക് സാധിക്കും. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി എടുത്ത നടപടിയോടാണ് ഇതിനെ പാർട്ടി ഉപമിക്കുന്നത് എന്നതാണ് ശ്രദ്ധേയം.







