
ഉൾപ്പാർട്ടി ജനാധിപത്യം മാനിക്കുന്നില്ല; സിപിഎം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ടി. കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
കണ്ണൂർ: തെരഞ്ഞെടുപ്പിന് ശേഷവും യു.ഡി.എഫിന് വേണ്ടി വിസ്മയം കാട്ടിയ പാർട്ടി കോട്ടയിലെ രണ്ട് പേർ സിപിഎം വിമർശനം തുടരുകയാണ്. സ്ഥാനാർഥി നിർണയത്തിലെ വീഴ്ച പാർട്ടി ജില്ലാ കമ്മിറ്റിയുടെ മേൽ കെട്ടിവയ്ക്കുന്നത് വഞ്ചനയാണെന്ന് കണ്ണൂരിലെ മുൻ സി.പി.എം നേതാക്കളായ ടി. കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഉൾപ്പാർട്ടി ജനാധിപത്യം മാനിക്കുന്നില്ലെങ്കിൽ അതിനർഥമെന്താണ്? സ്ഥാനാർഥികളെ ബഹുഭൂരിപക്ഷം പേരും എതിർക്കുന്നുവെങ്കിൽ അത് പരിശോധിച്ച് തിരുത്തേണ്ടതല്ലേ? ആ ബാധ്യത നിർവഹിച്ചോ എന്ന് കുഞ്ഞികൃഷ്ണൻ ചോദിച്ചു. താഴെത്തട്ടിൽ നിന്നുള്ള ചർച്ചകൾ കേട്ടിട്ടാണ് വിലയിരുത്തൽ നടത്തുന്നത് എന്നാണ് എം. വി. ഗോവിന്ദൻ പറയുന്നത്. എന്നാൽ താഴെത്തട്ടിൽ നടന്നിട്ടുള്ള ഒരു വിലയിരുത്തലും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് വാർത്താസമ്മേളനം കണ്ടാൽ മനസ്സിലാകുന്നതെന്ന് ടി.കെ. ഗോവിന്ദൻ പരിഹസിച്ചു.

സാങ്കേതികമായി ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. പക്ഷേ, ജില്ലയിലെ ഏതെങ്കിലും ഒരു ഘടകം ഈ സ്ഥാനാർത്ഥിയെ അംഗീകരിച്ചിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. പയ്യന്നൂരിൽ ഒരു കാരണവശാലും ആ സ്ഥാനാർത്ഥിയെ നിർത്തരുത് എന്ന് ജില്ലാ കമ്മിറ്റി പറഞ്ഞതാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിലും വലിയ വിമർശനം ഉയർന്നതല്ലേ? എന്നിട്ട് ഇപ്പോൾ പറയുന്നത് ജില്ലാ കമ്മിറ്റിക്ക് തെറ്റ് പറ്റിയെന്നാണ്. ആരെ കബളിപ്പിക്കാനാണ് ഈ റിവ്യൂ നടത്തിയതെന്ന് ടി.കെ.ഗോവിന്ദൻ ചോദിച്ചു.

എല്ലാത്തിനും കാരണം പാർട്ടി നേതൃത്വമാണെന്നും ടി.കെ.ഗോവിന്ദൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയുടെ വർഗീയ വിഷത്തിനെതിരെ മുൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരു വാക്ക് പോലും പറഞ്ഞില്ല. പിന്നെങ്ങനെ നിങ്ങളെ ന്യൂനപക്ഷങ്ങൾ വിശ്വസിക്കും? ആരാണ് അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിനോട് സന്ദേശം അയക്കാൻ ആവശ്യപ്പെട്ടത്? ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് സ്വയം അറിഞ്ഞ് യോഗി സന്ദേശം അയക്കില്ലല്ലോ. ഇത് ബി.ജെ.പിയുമായുള്ള ഡീലാണ് എന്ന് അദ്ദേഹം ആരോപിച്ചു.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് ടി. കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. അത് സാധാരണ പാർട്ടി സഖാക്കളുടെ തലയിൽ കെട്ടിവയ്ക്കരുത്. തങ്ങൾക്ക് വോട്ട് ചെയ്തത് പാർട്ടിക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. കെ. കെ. രാഗേഷ് പറഞ്ഞതുപോലെ പള്ളിയിൽ നിന്ന് പറഞ്ഞിട്ടല്ല ആളുകൾ വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







