
പുത്തൻ പ്രതീക്ഷയോടെ… വയനാട് ടൗൺഷിപ്പിൽ സംയുക്ത ഗൃഹപ്രവേശം
വയനാട്: ടൗൺഷിപ്പിൽ സംയുക്ത ഗൃഹപ്രവേശം നടത്തി. ഫെയ്‌സ് വൺ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷി മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദീഖ്, ജില്ലാ കലക്ടർ ഡി. ആർ മേഘ്രശ്രീ ഉൾപ്പെടെയുള്ള വിശിഷ്‌ടാതിഥികൾ പങ്കെടുത്തു. മുണ്ടക്കൈ ചൂരൽമല പുനരാധിവാസ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വയനാട് ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറികിട്ടിയ 178 ഗുണഭോക്താക്കൾ അംഗങ്ങളായതാണ് ഫെയ്‌സ് വൺ കൂട്ടായ്‌മ.

ഇതിനോടകം ഇവരിൽ കുറച്ചു കുടുംബങ്ങൾ ടൗൺഷിപ്പിൽ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ള കുടുംബങ്ങൾ ഇന്നലെയും ഇന്നുമായാണ് വാടക വീടുകളിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. ഇതിൻ്റെ ഭാഗമായാണ് ഫെയ്‌സ് വൺ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വീട്ടുകൂടൽ നടത്തിയത്. പരിപാടി കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്‌തു.

സർക്കാരിൻ്റെ ഭാഗത്തുനിന്നും ചൂരൽമല മുണ്ടക്കൈ ദുരിതത്തിൽ പെട്ടവർക്കായി പുതിയ പദ്ധതികൾ ഒരുങ്ങിവരുകയാണെന്ന് കൃഷി മന്ത്രി അഡ്വക്കേറ്റ് ടി സിദ്ദീഖ് പറഞ്ഞു . ശ്രീ മോഹൻലാലിൻ്റെ ചാരിറ്റി സ്ഥാപനമായ വിശ്വശാന്തി ഫൗണ്ടേഷൻ അതിനായുള്ള സഹകരണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാടിനെ തിരിച്ച് കൊണ്ടുവരുന്നതിനാവശ്യമായാ നടപടികൾ സ്വീകരിക്കുകയും ടൗൺ ഷിപ്പിന് ആവശ്യമായ എല്ലാകാര്യങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും വയനാട്ടിൽ പുതിയ സ്‌കിൽ ഡെവലപ്മെന്റ് സെൻ്റർ തുടങ്ങുന്നതിന് ആവിശ്യമായ കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുവഴി വയനാട് ടൗൺ ഷിപ്പിലുള്ള ആളുകൾക്ക് തൊഴിൽ ഉറപ്പാക്കൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ , കൽപ്പറ്റ നഗരസഭ ചെയർപേഴ്‌സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ, വൈസ് പ്രസിഡൻ്റ് ടി ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,മറ്റു ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫെയ്‌സ് വൺ കൂട്ടായ്‌മ കൺവീനർ രമേശൻ അധ്യക്ഷനായി. ഒരു ദുരന്തം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം മുതൽ പുനരധിവാസം വരെയുള്ള കാര്യങ്ങളുമായി സഹകരിച്ച എല്ലാവർക്കും ദുരന്തബാധിതർ നന്ദി അറിയിച്ചു.







