
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി; ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം
ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയ പേജായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി താൻ ജൂൺ 6ന് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുമെന്നും അഭിജീത് അറിയിച്ചു.

“ഇന്ത്യൻ ഭരണഘടനയുടെ പാത പിന്തുടർന്ന് നമ്മൾ എല്ലാവരും ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നമുക്ക് സമാധാനപരമായി ശബ്ദമുയർത്താം. നമ്മൾ ഒരുമിച്ച് ശബ്ദമുയർത്തിയാൽ അവർക്ക് അത് ഉറപ്പായും കേൾക്കേണ്ടി വരും”. സിജെപിയുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിൽ അഭിജീത് ദിപ്കെ പറഞ്ഞു.

ജൂൺ 6 ശനിയാഴ്ച രാവിലെ താൻ ഡൽഹിയിൽ എത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിൽ തന്നോടൊപ്പം ചേരണമെന്നുമാണ് അഭിജീത് വീഡിയോയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുമിച്ച് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ പോയി ജന്തർ മന്ദിറിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള അനുമതി തേടാമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് കുടുംബവും സുഹൃത്തുക്കളും ഭയപ്പെടുന്നുണ്ടെങ്കിലും നമ്മുടെ രാജ്യം ഇന്നും ഒരു ജനാധിപത്യ രാജ്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ നമുക്ക് അനുമതി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അഭിജീത് കൂട്ടിച്ചേർത്തു. സിജെപിയുടെ എക്സ് അക്കൗണ്ടിന്റെ ബ്ലോക്ക് നീക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് ഏതാനും ദിവസങ്ങൾ മാത്രം പിന്നിടവെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.







