Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogClimateജൂൺ ഒന്നിന് കേരളത്തിൽ കാലവർഷം എത്തില്ല; ഇത്തവണ മഴ കുറയാൻ സാധ്യത

ജൂൺ ഒന്നിന് കേരളത്തിൽ കാലവർഷം എത്തില്ല; ഇത്തവണ മഴ കുറയാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയായി ജൂൺ ഒന്നിനാണ് രാജ്യത്ത് കാലവർഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കേരളത്തിൽ മഴയെത്തുന്നത്. എന്നാൽ ഇത്തവണ ഏഴു ദിവസം വരെ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വരും ആഴ്ചകളിൽ കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന ഇന്ത്യയുടെ തെക്കൻ ഭാഗത്തേക്ക് തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത 4 മുതൽ 5 ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിലേയ്ക്കും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിനൊപ്പം തെക്ക് പടിഞ്ഞാറൻ, പടിഞ്ഞാറൻ-മധ്യ, കിഴക്കൻ-മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും മൺസൂൺ മുന്നേറാൻ സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2023ൽ ജൂൺ 8 നായിരുന്നു കേരളത്തിൽ കാലവർഷം എത്തിയത്. എന്നാൽ 2024 ൽ മേയ് 30 നും 2025 ൽ മേയ് 24 നും സാധാരണ തീയതിക്ക് മുന്നേതന്നെ മൺസൂൺ എത്തിയിരുന്നു.

ഈ വർഷം രാജ്യത്തുടനീളം ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ സാധാരണയേക്കാൾ കുറവായിരിക്കുമെന്നാണ് പ്രവചനം. ദീർഘകാല ശരാശരിയായ 870 മില്ലിമീറ്ററിന്റെ (1971-2020) 90 ശതമാനം മാത്രമായിരിക്കും ഇത്തവണ ലഭിക്കുന്ന ആകെ മഴയുടെ അളവ്. അതേസമയം, ആൻഡമാൻ കടലിലും പരിസര പ്രദേശങ്ങളിലും ഇത്തവണ മൺസൂൺ നേരത്തെ എത്തിയിരുന്നു. സാധാരണ എത്തുന്നതിനേക്കാൾ ഏതാണ്ട് ഒരു ആഴ്ച മുമ്പ്, മേയ് 16 നാണ് ആൻഡമാൻ തീരത്ത് മഴയെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post