
കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യ രാജിവെച്ചു, ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകും
ബെംഗളൂരു: കർണാടകയിൽ ഒടുവിൽ നേതൃമാറ്റത്തിന് വഴിയൊരുങ്ങി. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി അദ്ദേഹം രാജി സമർപ്പിച്ചു. നേതൃമാറ്റത്തിന് വഴിയൊരുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സിദ്ധരാമയ്യ രാജിവെയ്ക്കുന്നത്.

സിദ്ധരാമയ്യ ഒഴിയുന്നതോടെ ഡി കെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനുള്ള സാധ്യതകൾ ശക്തമായിരിക്കുകയാണ്. രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാരും ഉണ്ടായേക്കുമെന്നാണ് സൂചന. ശിവകുമാറിന് പകരക്കാരനായി സതീഷ് ജാർക്കിഹോളി കർണാടക കോൺഗ്രസിന്റെ പുതിയ പ്രസിഡന്റായേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ശിവകുമാറാണ് 2020 മുതൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പദവി വഹിക്കുന്നത്.

നേതൃമാറ്റമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും സിദ്ധരാമയ്യ ഇതിന് ആവശ്യമായതെല്ലാം ചെയ്യണമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ, ഡി കെ ശിവകുമാറിനെ തന്നെയാണ് തന്റെ പിൻഗാമിയാക്കുക എന്ന കാര്യത്തിൽ ഹൈക്കമാൻഡിൽ നിന്ന് കൃത്യമായ സൂചന അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനത്തിൽ സിദ്ധരാമയ്യ ഞെട്ടിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഹൈക്കമാൻഡിന്റെ അന്തിമ സന്ദേശത്തിനായി കാത്തിരിക്കുകയായിരുന്നു ശിവകുമാർ.

മന്ത്രിമാരുടെ തിരഞ്ഞെടുപ്പിൽ ശിവകുമാറിന് പൂർണ്ണമായ സ്വാതന്ത്ര്യം നൽകാതിരിക്കാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. പുതിയ മന്ത്രിസഭയുടെ കാര്യത്തിൽ ആദ്യം തന്നെ ഒരു തീരുമാനത്തിലെത്താനാണ് ശ്രമം. ശിവകുമാറിന് പൂർണ്ണ നിയന്ത്രണം നൽകിയാൽ അത് സിദ്ധരാമയ്യ വിഭാഗത്തെ പ്രകോപിപ്പിച്ചേക്കാം എന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഉപമുഖ്യമന്ത്രിമാരുടെ കാര്യം പരിഗണിക്കുന്നത്.
ജാതി, പ്രാദേശിക സമവാക്യങ്ങൾ എന്നിവ കണക്കിലെടുത്ത് രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്. ലിംഗായത്ത്, ദളിത് വിഭാഗങ്ങളിൽ നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാർ വീതം ഉണ്ടാകുമെന്നാണ് സൂചന. ശിവകുമാർ വൊക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണ്. സിദ്ധരാമയ്യ തന്റെ മകൻ യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് നിർബന്ധം പിടിച്ചാൽ ഉപമുഖ്യമന്ത്രിമാരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടായേക്കാം.
സിദ്ധരാമയ്യയുടെ വിശ്വസ്തനും പ്രമുഖ ലിംഗായത്ത് നേതാക്കളിലൊരാളും വൻകിട വ്യവസായ മന്ത്രിയുമായ എം ബി പാട്ടീൽ ഉപമുഖ്യമന്ത്രി സ്ഥാനാം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശിവകുമാർ മന്ത്രിസഭയിൽ ചേരാൻ വിസമ്മതിക്കുകയാണെങ്കിൽ പാട്ടീലിന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പദം ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ആഭ്യന്തരമന്ത്രിയും ദളിത് സമുദായത്തിൽ നിന്നുള്ള നേതാവുമായ ജി പരമേശ്വരയ്ക്കാകും നറുക്ക് വീഴുക.
യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കുന്നതിൽ ഹൈക്കമാൻഡിന് എതിർപ്പില്ലെന്നാണ് സൂചന. കാരണം ഇത് ശിവകുമാർ സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷങ്ങൾ, പിന്നോക്ക വിഭാഗങ്ങൾ, ദളിതർ എന്നിവരുടെ കൂട്ടായ്മയായ ‘അഹിന്ദ’ വിഭാഗത്തിന് പുതിയ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാണ് രാഹുൽ ഗാന്ധിക്ക് താല്പര്യം. ശിവകുമാറിനൊപ്പം മുഴുവൻ മന്ത്രിസഭയും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കമാൻഡിന്റെ ആഗ്രഹം. ചെറുപ്പക്കാരും പുതുമുഖങ്ങളും അടങ്ങുന്ന ഒരു പുതിയ മന്ത്രിസഭ രൂപീകരിക്കുകയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്.







