
കണ്ഠരര് രാജീവരർക്കും താഴമൺ മഠത്തിനുമെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി തന്ത്രിയുടെ കുടുംബം
പത്തനംതിട്ട: തന്ത്രി കണ്ഠരര് രാജീവരര്‍ക്കും താഴമണ്‍ മഠത്തിനുമെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി തന്ത്രി കുടുംബം. അവാസ്തവങ്ങളായ വാര്‍ത്തകളും വ്യാജ പ്രചാരണങ്ങളും നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. മധുമണിമല എന്ന വ്യക്തിക്കെതിരെയാണ് തന്ത്രിയുടെ കുടുംബത്തിന്റെ പരാതി. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അടക്കം രമേശ് ചെന്നിത്തലയ്ക്ക് നേരിട്ടാണ് പരാതി നല്‍കിയത്. തന്ത്രി കണ്ഠരര് രാജീവരുടെ ഭാര്യ ബിന്ദു രാജീവാണ് പരാതി നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായി 41 ദിവസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലന്‍സ് കോടതി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ ക്രിമിനല്‍ ഗൂഢാലോചനയോ നേരിട്ടുളള പങ്കോ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൻ്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് കണ്ഠരര് രാജീവര് ആരോപിച്ചിരുന്നു. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് തന്റെ അറസ്റ്റിന് കാരണമായതെന്നാണ് കണ്ഠരര് രാജീവരരുടെ വാദം. താന്‍ ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നയാളാണ്. അതിനാലാണ് യുവതീ പ്രവേശനം എതിര്‍ത്തത്. ഒപ്പം എല്ലാ ദിവസം ക്ഷേത്രം തുറക്കണമെന്ന അഭിപ്രായവും താന്‍ എതിര്‍ത്തു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് തന്ത്രിയുടെ വാദം.








