
അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: പ്രതി ടീച്ചറുടെ മകൻ
കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പ്രതിയുടെ പശ്ചാത്തലം ഉള്‍പ്പെടെ അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ജെ കെ ജയശങ്കര്‍ പറഞ്ഞു.

മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകന് കാശിനാഥ് (20) ആണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ്
ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തില്‍ കര്‍ശന നടപടിക്ക് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീഴ്ച വരുത്തിയ അങ്കണവാടി വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാനായിരുന്നു മന്ത്രി നിര്‍ദ്ദേശിച്ചത്. അങ്കണവാടി പരിസരങ്ങളില്‍ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന കര്‍ശന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനായിരുന്നു നടപടി. ഇതിന് പുറമേ സംഭവത്തെ കുറിച്ച് വിശദമായ അന്വഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘം ഇന്ന് അങ്കണവാടിയില്‍ നേരിട്ടെത്തി പരിശോധന നടത്തും.









