
ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സി ജോസഫ് വിജയ്
ചെന്നൈ: ഡിഎംകെ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. പാര്‍ട്ടി ഫണ്ടെന്ന പേരില്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് ഡിഎംകെയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിലാണ് ഡിഎംകെയ്ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. അഴിമതിയിലൂടെ സ്വന്തമാക്കിയ പണം കണ്ടെത്തി, ഖജനാവില്‍ എത്തിയ്ക്കുകയാണ് ടിവികെ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പ്രസംഗം തുടര്‍ന്ന സി ജോസഫ് വിജയ്, വിമര്‍ശനം കടുപ്പിച്ചു. കുട്ടിക്കഥയിലൂടെ മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും സി ജോസഫ് വിജയ് പരിഹസിച്ചു.

നിയമസഭയെ മുഖ്യമന്ത്രി ഷൂട്ടിങ് സ്‌പോട്ടാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പരിഹസിച്ചു. സി ജോസഫ് വിജയ് നിയമസഭയെ തീയറ്ററാക്കി മാറ്റി. സഭയില്‍ വിസില്‍ അടിയ്ക്കാനൊക്കെ തുടങ്ങി. സിനിമ ഷൂട്ടിന് വരുന്നത് പോലെയാണ് മുഖ്യമന്ത്രി സഭയിലേക്ക് വരുന്നത്. സ്പീക്കര്‍ സംവിധായകനെ പോലെ പെരുമാറുന്നു. മന്ത്രിമാരൊക്കെ സഹ സംവിധായകരെന്നും ഉദയനിധി സ്റ്റാലിന്‍ പരിഹസിച്ചു. ക്ഷേമപദ്ധതികളെ കുറിച്ച് ഒന്നും പറയാതെ സിനിമാ ഡയലോഗ് മാത്രം പറയുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കാണിച്ചിരുന്ന ആക്ഷനും കാണിച്ചാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷം സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു.







