
പ്രമുഖ പാല് ഉത്പന്ന സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ സമ്മാന തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: പ്രമുഖ പാല് ഉത്പന്ന സ്ഥാപനങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ്. പാല് ഉത്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ് ബ്രാന്‍ഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ്പ് വഴിയാണ് വ്യാപകമായ സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതെന്ന് കേരള പൊലീസ് അറിയിച്ചു. ‘വാര്‍ഷികാഘോഷ സമ്മാനം’, ‘സൗജന്യ ഗിഫ്റ്റ്’ എന്നീ പേരുകളില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിന് ഇരകളാകുന്നത്.

വാട്സ് ആപ്പ് വഴി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഔദ്യോഗിക സൈറ്റ് എന്ന് തോന്നിക്കുന്ന വ്യാജ വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്കി ‘സ്ക്രാച്ച് ആന്‍ഡ് വിന്’ വഴി സമ്മാനം കിട്ടിയതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് സമ്മാനം കൈപ്പറ്റുന്നതിനായി ഈ സന്ദേശം മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഫോണിന്റെ മുഴുവന്‍ നിയന്ത്രണവും നേടിയെടുത്ത് ബാങ്ക് വിവരങ്ങളും ഒടിപിയും (OTP) ചോര്‍ത്തി അക്കൗണ്ടിലെ പണം മുഴുവന്‍ പിന്‍വലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതിന് സമാനമായി ഫോണിലെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും തട്ടിപ്പുകാർ ചോർത്തിയെടുത്ത് നിങ്ങളെ ഭീഷണിപ്പെടുത്തുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തേക്കാം.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഫോണുകളിൽ അപകടകരമായ വൈറസുകളും മാൽവെയറുകളും ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ‘വാര്‍ഷികാഘോഷ സമ്മാനം’, ‘സൗജന്യ ഗിഫ്റ്റ്’ എന്നീ പേരുകളില്‍ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
*ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?*
വാട്സ്ആപ്പ്, എസ്എംഎസ് എന്നിവ വഴി വരുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങള്‍ വിശ്വസിച്ച് ബാങ്ക് വിവരങ്ങള്‍, ഒടിപി, എ.ടി.എം പിന് എന്നിവ ആരുമായും പങ്കുവെക്കരുത്.
സംശയാസ്പദമായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കുക.
സ്ക്രാച്ച് ആന്‍ഡ് വിന്’, ‘ഗിഫ്റ്റ് കൂപ്പണ്‍’, ‘ആനിവേഴ്സറി ഓഫര്‍’, ‘ലക്കി വിന്നര്‍’ തുടങ്ങിയ ആകര്‍ഷകമായ സന്ദേശങ്ങളോട് ജാഗ്രത പുലര്‍ത്തുക.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന ദേശിയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതിപ്പെടുക.
പ്രമുഖ ബ്രാൻഡുകൾ ഇത്തരം ഓഫറുകൾ നൽകുമ്പോൾ അത് അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയ പേജുകളിലോ പ്രസിദ്ധീകരിക്കാറുണ്ട്. അവിടെ പരിശോധിക്കുക.







