
ശബരിമല സ്വര്‍ണക്കൊള്ള: പാളികളിലെ സാമ്പിള്‍ ശേഖരിക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഹൈക്കോടതി അനുമതി നല്‍കി. സന്നിധാനത്തെ പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെയും മുകള്‍ ഭാഗത്തെ പാളികള്‍ ഇളക്കി സാമ്പിളുകള്‍ ശേഖരിക്കാനാണ് അനുമതി. കേസുമായി ബന്ധപ്പെട്ട് എസ്‌ഐടിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കൂടുതല്‍ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.

സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം കവര്‍ച്ചയുടെ പൂര്‍ണമായ വിവരം ലഭിക്കാന്‍ നിര്‍ണായകമാകും. 2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് യഥാര്‍ഥ പാളികളില്‍ പൊതിഞ്ഞിരുന്ന സ്വര്‍ണം ‘സ്ട്രിപ്പിങ് സാള്‍ട്ട്’ ഉപയോഗിച്ച് വേര്‍തിരിച്ചെടുത്തു. ഇതിന്റെ സാമ്പിള്‍ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്‌ഐടി അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്നും എസ്‌ഐടി കോടതിയില്‍ അറിയിച്ചു.

കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. 2025ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഉത്തരവാദികളുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളടക്കം ഈ റിപ്പോര്‍ട്ടില്‍ സമര്‍പ്പിക്കാനാകുമെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ നാഷനല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാഫലം കഴിഞ്ഞ മാസം 29ന് ലഭിച്ചു. ഇത് വിശകലനം ചെയ്തു വരികയാണ്. സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ച സ്ട്രിപ്പിങ് സാള്‍ട്ട് വിശകലനം ചെയ്യുന്നത് സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്വീകരിച്ച ശാസ്ത്രീയ മാര്‍ഗം തെളിയിക്കാന്‍ അത്യന്തം അനിവാര്യമാണ്.
1998ല്‍ വാങ്ങിയ ചെമ്പ് തകിടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ചെന്നൈയില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 18ന് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ വ്യകതമാക്കി.







