Vazhchayugam

Live News

28.3°C
  • Kottayam
June 19, 2026
Follow Us:
VazhchayugamBlogKeralaക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

തിരുവനന്തപുരം: വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ നിരാശപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ സംസ്ഥാന ബജറ്റ്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളിൽ ഇത്തവണ യാതൊരുവിധ വർദ്ധനവും വരുത്തിയിട്ടില്ല. ഇതോടൊപ്പം, ശമ്പള പരിഷ്‌കരണവും കുടിശ്ശികകളുടെ വിതരണവും പ്രതീക്ഷിച്ചിരുന്ന സർക്കാർ ജീവനക്കാർക്കും ബജറ്റിൽ വലിയ തോതിലുള്ള അനുകൂല പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന നിർധനരായ സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്താൻ ഇത്തവണ സർക്കാർ തയ്യാറായിട്ടില്ല. ഖജനാവിന്റെ നിലവിലെ ശോചനീയാവസ്ഥയും തീർപ്പാക്കാനുള്ള വൻ സാമ്പത്തിക ബാദ്ധ്യതകളും കണക്കിലെടുത്താണ് ജനപ്രിയമായ പെൻഷൻ വർദ്ധനവിൽ നിന്നും സർക്കാർ പിൻവാങ്ങിയതെന്നാണ് സൂചന.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വൻ ബാദ്ധ്യതകളും കുടിശ്ശികകളും തങ്ങളുടെ ചുമലിലാണെന്ന് ആമുഖത്തിൽ വ്യക്തമാക്കിയ മുഖ്യമന്ത്രി, ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡി.എ കുടിശ്ശികകൾ തീർപ്പാക്കുന്നതിനെക്കുറിച്ച് ബജറ്റിൽ യാതൊരുവിധ വ്യക്തതയും നൽകിയിട്ടില്ല. വലിയ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച ജീവനക്കാർക്ക് ബജറ്റ് വലിയ രീതിയിൽ ആശ്വാസകരമായ പ്രഖ്യാപനങ്ങളൊന്നും നൽകുന്നില്ല.

പതിവ് വിതരണം മാത്രം: ജീവനക്കാരുടെ ഡി.എയും പെൻഷൻകാരുടെ ഡി.ആറും ഇനി മുതൽ മുടക്കം കൂടാതെ കൃത്യമായി നൽകുമെന്ന ഒരു ഉറപ്പ് മാത്രമാണ് ബജറ്റിലുള്ളത്. കുടിശ്ശികകളെക്കുറിച്ച് ബജറ്റ് പൂർണ്ണമായി മൗനം പാലിക്കുന്നു.

ലീവ് സറണ്ടറിൽ ഉറപ്പില്ല: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ പ്രഖ്യാപനങ്ങൾക്ക് പകരം ‘ഉചിതമായ തീരുമാനം കൈക്കൊള്ളും’ എന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിലുള്ളത്.

എൻ.പി.എസ് പരിഷ്‌കരണത്തിൽ അവ്യക്തത: മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിലെ അവ്യക്തതകൾ നീക്കിയ ശേഷം നിലവിലുള്ള എൻ.പി.എസ് പെൻഷൻ സംവിധാനം പരിഷ്‌കരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സാമ്പത്തിക ആനുകൂല്യങ്ങൾ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ ഉറപ്പുകളില്ല.

മെഡിസെപ്പ് പുനഃക്രമീകരണം: നിലവിലുള്ള ‘മെഡിസെപ്പ്’ ആരോഗ്യ സുരക്ഷാ പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

ഭരണപരമായ ചിലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി സമാന സ്വഭാവമുള്ള വിവിധ ക്ഷേമനിധി ബോർഡുകൾ തമ്മിൽ ലയിപ്പിക്കാനും ബജറ്റിൽ തീരുമാനമുണ്ട്. ഇതോടൊപ്പം സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരുടെ തട്ടുകൾ കുറയ്ക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post